
രാജ്യത്ത് അരിവില ഉയരുകയും ഉൽപ്പാദനം കുറയുമെന്ന ആശങ്ക ശക്തമാകുകയും ചെയ്യുന്നതിനിടെ കൂടുതൽ അരി എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ നീക്കം. റേഷൻ അരിയിലടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കാനാണ് പുതിയ നിർദേശം. അതേസമയം, അരിയുടെ ലഭ്യതയും വിലയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളോട് അരിയുടെ സ്റ്റോക്ക് വിവരങ്ങൾ എല്ലാ ആഴ്ചയും പുറത്തുവിടാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
അരിയുടെ ഉൽപ്പാദനം ഈ വർഷം കുറഞ്ഞേക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് എഥനോൾ നിർമാണത്തിനായി കൂടുതൽ നുറുക്ക് അരി സംഭരിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അരിമില്ലുകളിൽനിന്ന് നുറുക്ക് അരി ശേഖരിച്ച് എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കാനാണ് നീക്കം. നിലവിൽ അരിയിൽ അനുവദിച്ചിട്ടുള്ള നുറുക്കരിയുടെ അളവ് 16 ശതമാനത്തിൽനിന്ന് അടുത്ത വർഷം മുതൽ അഞ്ച് ശതമാനമായി കുറയ്ക്കാനാണ് നിർദേശം.
അരിക്ഷാമം രൂക്ഷമായതോടെ എഥനോൾ നിർമാണത്തിനാവശ്യമായ നുറുക്ക് അരിയുടെ ലഭ്യതയിലും പ്രതിസന്ധി നേരിട്ടിരുന്നു. ഇതോടെയാണ് അരിമില്ലുകളിൽനിന്നുള്ള നുറുക്ക് അരി സംഭരണം വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചത്. എന്നാൽ, ഈ നീക്കം പൊതുവിതരണ സംവിധാനത്തിലേക്കുള്ള അരിയുടെ ലഭ്യതയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
പുതിയ നിർദേശം കേരളത്തിലും നടപ്പാക്കാനുള്ള നടപടികൾ സപ്ലൈകോ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 42 അരിമില്ലുകളുമായി സപ്ലൈകോ ധാരണയിലെത്തിയതായി റൈസ് മിൽസ് അസോസിയേഷൻ അറിയിച്ചു.
അരിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നുറുക്കരിയുടെ അളവ് കുറയ്ക്കുന്നതെന്നാണ് കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം, രാജ്യത്ത് അരിവില വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ പുതിയ നീക്കം വിപണിയിലും പൊതുവിതരണ മേഖലയിലും എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്.
കേരളത്തിലും വിലക്കയറ്റം ഉപഭോക്താക്കളെ ബാധിക്കുന്നുണ്ട്. പൊന്നി അരിക്ക് മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ കിലോയ്ക്ക് 20 രൂപയുടെ വർധനയുണ്ടായതായാണ് റിപ്പോർട്ട്.










